Thursday, 9 May 2013

തല്ലിക്കൊല്ലുന്ന നയതന്ത്രവും ഫേസ്ബുക്കും
സരബ്ജിത് സിംഗിനെ ആക്രമിച്ചു കൊലപ്പെടുത്തിയപ്പോള്‍ 
ഇന്ത്യയിലും സമാനമായ ഒരു പ്രതികരണം ഉണ്ടായി.ജമ്മു കാശ്മീരിലെ ജയിലില്‍ തടവിലായിരുന്ന പാകിസ്ഥാന്‍ പൌരന്‍ സനാനുള്ള സഹതടവുകാരനാല്‍ മര്‍ദിക്കപ്പെട്ടു. പതിവ്പോലെ ആഗോള സമൂഹത്തിന്റെ മുൻപിൽ ഇന്ത്യയുടെ മാനം കപ്പലു കേറിയെന്നും പറഞ്ഞു ബ്ലോഗുകളിലും മറ്റും ചൂടൻ പ്രതികരണങ്ങളും വന്നു. പാകിസ്ഥാൻ പൗരനെ ആക്രമിച്ചവനെ പിന്തുണക്കാനോ  അത് ശരിയായ രീതിയാണെന്ന് സ്ഥാപിക്കാനോ അല്ല എന്റെ ശ്രമം. മറിച്ച് ഇതിന്റെ മറ്റൊരു വശം കാണാനാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചാടിവീഴുന്ന ഫേസ്ബുകിലെ യുവനിര ഈ വിഷയത്തിൽ പുലർത്തിയ 'അത്രയ്ക്കങ്ങോട്ട് ചൂടനല്ലാത്ത' പ്രതികരണം  നാം ഗൌരവത്തോടെ  കാണേണ്ടതുണ്ട്. സംഭവത്തെ അപലപിച്ച ചുരുക്കം ചില പോസ്റ്റുകളില്‍ വന്ന കമന്റുകള്‍ ഇതുതന്നെയാണ് വേണ്ടത് എന്ന മട്ടിലായിരുന്നു.നമ്മുടെ ഭരണകൂടത്തിന്‍റെ കഴിവുകേടില്‍ രാജ്യത്തെ യുവനിര എത്രത്തോളം അസംതൃപ്തരാണ് എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയപ്പോള്‍ വന്ന ഒരു ഫേസ് ബുക്ക്‌ കമന്റ്‌ ഇപ്രകാരമാണ് “ചൈനക്കാരെ തുരത്താന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആണ്‍കുട്ടികള്‍ ഉണ്ട്.പക്ഷെ രാഷ്ട്രീയത്തില്‍ തന്തക്കു പിറന്ന ഒരുത്തനുമില്ല.”.കേവലം തമാശക്കായി ലൈക്കും ഷെയര്‍ഉം ചെയ്തു കളിക്കുന്ന നേരമ്പോക്കുകാരെ ഒഴിച്ചുനിര്ത്തിയാലും സജീവ ഫേസ്ബുക്ക്‌ ആക്ടിവിസ്റ്റുകളായ നല്ലൊരു ശതമാനം ആളുകളുണ്ട്.അവരും ഇക്കാര്യത്തില്‍ മൌനം പാലിച്ചു എന്നത് അത്ര നല്ല സന്ദേശമല്ല തരുന്നത് .അഴിമതിയില്‍ ലോക റെക്കോര്‍ഡ്‌ കിട്ടാന്‍ വേണ്ടിയെന്നോണം ഭരിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റ് ഇങ്ങനെ സമൂഹത്തില്‍ അരാഷ്ട്രീയതയും വളര്‍ത്തുന്നു.ചൈനയുടെ സേനാപിന്മാറ്റം നയതന്ത്ര വിജയമായി കാണാതെ നമ്മുടെ 'കഴിവ്' തെളിയിക്കാനുള്ള നഷ്ടപ്പെട്ട അവസരമായി കാണുന്നത് അപകടകരമാണ്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ അക്രമത്തിനിരയായ പാക്‌പൌരന്‍ മരിച്ചു എന്ന വാര്‍ത്ത‍ വരുന്നത്.
കണക്കു ടാലിയായ സന്തോഷത്തില്‍ ഇനി നമുക്കു പോസ്റ്റുകള്‍ ഇടാം .ഇന്ത്യയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നു കാട്ടിക്കൊടുക്കാം .
        
     അതേ സമയം തന്നെ ഈ അക്രമത്തെ അനുകൂലിക്കുന്നവര്‍  ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്.പൊടിക്കുഞ്ഞു മുതല്‍ മുത്തിയമ്മ വരെ ഏതു പ്രായത്തിലുള്ള പെണ്ണും ബലാല്‍സംഗം ചെയ്യപ്പെടുന്ന ,കണക്കു കൂട്ടിയെടുക്കാന്‍ കഴിയാത്ത തരത്തില്‍ അടിമുടി അഴിമതി നടമാടുന്ന,തൊഴിലും ആഹരവുമില്ലാതെ പതിനായിരങ്ങള്‍ നരകിക്കുന്ന ,കാശുള്ളവന് എന്തും സാദ്ധ്യമായ ഇന്ത്യ എന്ന രാജ്യം ലോകത്തിനു മുന്നില്‍ മഹത്തരമായ സ്ഥാനമാണോ അലങ്കരിക്കുന്നതെന്നാണത്.. ലോകരാഷ്ട്രങ്ങളുടെ മുന്‍പിലെ ഇന്ത്യയുടെ മഹാസ്ഥാനം എന്നത് ഊതിവീര്‍പ്പിച്ച ഒരു ബിംബമായിക്കഴിഞ്ഞിട്ടു നാളുകളേറെയായി. എത്രയൊക്കെ നേട്ടങ്ങള്‍ സ്പോര്‍ട്സിലും സയന്‍സിലും നേടിയാലും സാംസ്‌കാരിക മേഖലയിലെ ജീര്‍ണത ഒരു വാസ്തവം തന്നെയാണ്.ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കാത്തത് ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര വേദികളില്‍ സായിപ്പ് ഇന്ത്യയെ പുകഴ്ത്തുന്നത് കേട്ടുസുഖിക്കുന്ന ആത്മരതിയുടെ തിരുശേഷിപ്പുകളാണവര്‍ എന്നതിനാലാണ്.  
എന്തുകൊണ്ട് സമാധാനവും നയതന്ത്രവും എന്നത് കുറച്ചു കുഴഞ്ഞ പ്രശ്നമാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ചു നിര്‍ത്തി സ്വന്തം കാര്യം കാണുന്ന തറവേലയുടെ ഔദ്യോഗിക നാമമാണത് .പാകിസ്ഥാനെ പേടിപ്പിക്കുന്നതും ചൈനയെ പേടിപ്പിക്കുന്നതും രണ്ടാണല്ലോ. 
  
  പണ്ടൊരു രസികന്‍ പറഞ്ഞതുപോലെ അടിച്ചവനെ തിരിച്ചടിക്കുന്നത് ശരിയാണോ? എന്നു ചോദിച്ചാൽ അത് അടിച്ചവന്റെ തരം  പോലിരിക്കും എന്നേ പറയാനാകൂ.അതുകൊണ്ട് നയതന്ത്രവും നമുക്കു വേണം.ഇപ്പോ മനസിലായില്ലേ പിള്ളേരു പറയുന്നതാണു ശരി പക്ഷെ അമ്മാവന്‍ പറയുന്നതാണു ശരി....