Sunday, 30 December 2012

പെങ്ങളുടെ മാനം ബസ്സുകേറിപ്പോകുമ്പോള്‍........


  
    ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ഇന്ന്ഒരു ജനതയുടെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മയാണ്.ഫേസ്ബുകിലും മറ്റുസോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും തുടക്കം കുറിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല.നമ്മുടെ സമൂഹം എങ്ങോട്ടാണ്പൊയ്ക്കൊണ്ടിരിക്കുന്നത്?
ഏറെ പുകള്‍പെറ്റ മഹത്തായ ഭാരതസംസ്കാരം ഇന്നു നാണംകെട്ടു തലതാഴ്ത്തിനില്‍ക്കുന്ന വേദനാജനകമായ കാഴ്ചയാണ് നാം കാണുന്നത്.
സ്ത്രീകളോട് മാന്യമായിപെരുമാറണം എന്നത് മുക്കിലുംമൂലയിലും വരെ എഴുതിവെച്ചിട്ടും(അങ്ങനെ എഴുതിവേക്കേണ്ട ദുരവസ്ഥ അവിടെ നില്‍ക്കട്ടെ) വനിതാ സന്ക്ഖടനകള്‍ മുഴത്തിനുമൂന്നെന്ന കണക്കില്‍ഉണ്ടായിട്ടും എന്തേ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാവുന്നില്ല? നമ്മെ സംബന്ധിച്ച്ചിടത്തോളം പകല്‍വെട്ടത്തു കാണിക്കാനുള്ള ഒരു ഗോഷ്ടിയും അഴിഞ്ഞാടാനുള്ള അവസരവും മാത്രമാണ്സദാചാരം.ആണും പെണ്ണുംമിണ്ടിപ്പോയാല്‍ വാളെടുക്കുന്നത്ര ‘മൂത്ത സദാചാരം’കൈമുതലായുള്ളവരാണ് നമ്മള്‍ .കിഴങ്ങന്മാരായ കുറെ നേതാക്കള്‍ പുഴുത്തുനാറിയ രാഷ്ട്രീയംകളിക്കുന്നഇനദ്രപ്രസ്ഥത്തില്‍ നമ്മുടെ സഹോദരിക്ക്നീതികിട്ടാന്‍ ഭാരതത്തിന്റെ മക്കള്‍ നടത്തിയ പ്രതിഷേധം ചരിത്രത്താളുകളില്‍ കുറിക്കപ്പെടും.മന്‍മോഹന്റെ സര്‍ക്കാരും അവരുടെ നാടകവും നാം ഒരുപാടു കണ്ടു മടുത്തതാണ്.ഒരു ഗവണ്മെന്റ്എന്തൊക്കെ ചെയ്യരുതെന്നു ജനം ആഗ്രഹിക്കുന്നുവോ അതൊക്കെയും ഉളുപ്പില്ലാതെ ചെയ്യുന്ന ഈ ശവങ്ങളാണ് ഇന്ത്യയുടെശാപം.ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് 164 പേരെ ചുട്ടുകരിച്ച കസബിനു വേണ്ടി പ്രാര്‍ത്ഥനനടത്തിയത് നമ്മുടെ പ്രബുദ്ധകേരളത്തിലാണ്!!! നമുക്കുകാത്തിരിക്കാം,ഡല്‍ഹി സംഭവത്തിലെ പ്രതികളായ നാരാധമന്മാര്‍ക്ക് എന്തു ശിക്ഷയാണ് ഇവിടുത്തെ ഭരണകൂട സംവിധാനം കല്പിച്ചുനല്‍കുന്നതെന്ന് കാണാന്‍...കസബിനു വേണ്ടി കോടികള്‍
മുടക്കാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ച്കൊന്ന നായിന്റെ മക്കള്‍ക്ക്‌ ക്രിസ്മസ് കൊണ്ടാടാന്‍ യാത്രയയപ്പു നല്‍കാനും കാണിച്ച ന്യായങ്ങളുടെ അതേ അളവുകോലുകലാണ്‌‍ ഇവിടെയും പയറ്റാനുദേശിക്കുന്നതെങ്കില്‍ അതിനു നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.
നമുക്കു തലകുനിക്കാം....അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത കാപാലികന്മാര്‍ കാമപ്പേക്കൂത്തു നടത്തുന്ന ഈ ഇരുണ്ട കാലത്തിനു സാക്ഷിയാകേണ്ടിവന്നതില്‍.........................................................

Friday, 6 July 2012

തൊലിക്കട്ടി

                                                        

 

തൊലിക്കട്ടി 

 

     മൂക്കിന്റെ  തുമ്പത്തു ദേഷ്യമുള്ള കൂട്ടുകാരിയെപ്പറ്റി
 ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌  ഫോണടിച്ചത്
അകന്ന ബന്ധുവിന്റെ മരണ വാര്‍ത്തയെക്കാള്‍ കൌതുകം
പകര്‍ച്ചപ്പനിയുടെ അക്കൌണ്ടായിരുന്നു .....

    പത്തു സെന്റ്‌ ഇരുപതു രൂപയ്ക്ക് കൈവിട്ട കാലത്തെക്കുറിച്ച്  
പരിതപിക്കുന്ന മുത്തശ്ശിയോട് ഗുരുവായൂരിലെ ഫ്ലാറ്റെന്നു മിണ്ടിയില്ല .      

      കറിയാക്കി  മാറ്റുന്ന വിഷക്കൂട്ടുകളുടെ വാണവിലയും
നൂറുപവനില്‍ കെട്ടുതാലി പൊട്ടിപ്പോയ കൂടപ്പിറപ്പിന്റെ
മൂക്കാതെ പഴുക്കേണ്ടിവന്ന പാകതയും ചങ്കിലേക്കു വരുന്നില്ല .

   സദാചാരപ്പോലിസെന്ന പുതിയ വര്‍ഗം       
കടിച്ചു കുടഞ്ഞ   പ്രണയവും താങ്ങി
അസ്ഥാനത്തുതൊഴിയേറ്റ ക്ഷതവുമായി  മുന്നില്‍
വന്ന ചെറുപ്പക്കാരന്‍ പങ്കുവെച്ചത് 
കരച്ചിലോ  പ്രതിഷേധമോ എന്നു തിരിച്ചറിഞ്ഞതുമില്ല.

  വണ്ടി വിറ്റ് പെട്രോളു വാങ്ങേണ്ടി  വരുന്നത്
അവസ്ഥയോ  ദുരവസ്ഥയോ എന്നു നോക്കിയില്ല .

  റോഡേ പോയവന്റെ  തല പൊളിച്ചു  താഴെയിട്ടപ്പോള്‍
വെട്ടുകളുടെ എണ്ണവും അതിന്റെ പിതൃത്വവും വിഷയമാക്കി  നേടിയവരോടും
മനുഷ്യ ത്വമെന്ന  എടുക്കാച്ചരക്കിന്റെ 
മൂല്യം പ്രസംഗിച്ചില്ല .

  ആകെയുള്ള തുണ്ട് ഭൂമിക്കു എഞ്ചിനീയറിംഗ് പഠനം  വിലയിട്ടപ്പോള്‍
കെട്ടിത്തൂങ്ങിച്ചത്ത സുഹൃത്തിനു വേണ്ടിയും കണ്ണ് നനഞ്ഞില്ല .

  കെണിവെച്ചു പിടിച്ച കാക്ക
ചിക്കനായി രൂപം മാറിയതും ലോണെടുത്തവന്‍ വിഷമടിച്ചതും
പതിവായിപ്പോയതുകൊണ്ട് പരിഗണിച്ചില്ല .

  എന്നിട്ടും നാം വികസനത്തിലേക്കെന്നു  പറയുന്ന മുഖ്യന്റെ
തോലിക്കട്ടിയോര്‍ത്തപ്പോള്‍  ഹോ   ഞെട്ടിപ്പോയി .....

Saturday, 9 June 2012


ഓര്‍മത്താളുകള്‍ -പോളിടെക്നിക്


                      ജീവിതത്തിന്‍റെ ഒരു ബിന്ദുവില്‍  എത്തിയിരിക്കുന്നു .ഇതാകുമോ ജീവിതത്തിലെ  turning  point  എന്നറിയില്ല...ഡിപ്ലോമയും നേടി  N S S  polytechnic ഇന്‍റെ പടിയിറങ്ങുമ്പോള്‍ ഇതിനു മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദന ഉള്ളില്‍ നിറയുന്നു .ഞാനൊരുപാട്  വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുണ്ട് .അവയൊക്കെ വിട്ടിറങ്ങിയപ്പോഴും തോന്നാത്ത വിങ്ങലാണ് പോളി വിട്ടിറങ്ങിയപ്പോള്‍ തോന്നിയത് . സുഖമുള്ള നൊമ്പരം എന്നൊക്കെപ്പറയുന്നത്‌ ചിലപ്പോള്‍ ഇതാവാം .

 

          ചങ്ങമ്പുഴയുടെ  വരിപോലെ ("മദന മല്‍പ്രാണ സ്നേഹിതാ സൗഹൃദം മഹിയിലെന്തെന്നു കാണിച്ച മത്സഖ ..), യഥാര്‍ത്ഥ സൗഹൃദം എന്തെന്ന് കാട്ടിയ സുഹൃത്തുക്കള്‍, ഔപചാരികതയുടെ  മുഖം മൂടികളില്ലാത്ത തുറന്ന പുസ്തകങ്ങള്‍....

  "വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം
വിശ്വപ്രിയമായ് നടനം ചെയ് വത് വിധേയനെന്‍ കൃത്യം ."

     ജീവിതമാകുന്ന  മഹാ നാടകത്തിലെ എന്‍റെ വേഷം കെട്ടിയാടാന്‍ അരങ്ങിലെത്തിയ എനിക്ക് ഞാനുള്‍പ്പെടുന്ന എന്‍റെ വൃത്തം പൂര്‍ണതയിലെത്തിക്കാന്‍ കൂടെയാടിയവര്‍...കളിച്ചും ചിരിച്ചും പൊങ്ങച്ചം പറഞ്ഞും ചിലവഴിച്ച നിമിഷങ്ങള്‍ .ചുറ്റുപാടിനെയും കൂടെയുള്ളവരെയും അവനവനെത്തന്നെയും   മറ്റൊരാളായി മാറിനിന്നു വീക്ഷിച്ചു ചിരിക്കാന്‍ കഴിഞ്ഞ നല്ല നാളുകള്‍.


                മറക്കാനാകാത്ത നൂറു നൂറ് അനുഭവങ്ങള്‍ .ഏതൊരു E &C  വിദ്യാര്‍ത്ഥിയെയും പോലെ സജിത്ത്  സാറിന്‍റെ കിരാത വേഷം ഉപബോധ പ്രജ്ഞയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച  FIRST YEAR  നാളുകള്‍ .ആണ്ട ബാധ കൊണ്ടേ പോകൂ ,വരാനുള്ളത്  വഴിയില്‍ തങ്ങില്ല , മുതലായ പഴഞ്ചൊല്ലുകളില്‍ വിശ്വസിച്ചു ജീവിച്ച ദിനങ്ങളായിരുന്നു അത്.അടുത്തത് സജിത്ത് സാര്‍ ആണെന്ന് കേള്‍ക്കുമ്പോഴേ കുട്ടികള്‍ ജഗരൂകരാകുന്ന അവസ്ഥ.ഒരാപത്തു നേരിടാന്‍ തയാര്‍ ആയിട്ടാണ് എല്ലാവരും ഇരിക്കുക .നീര്‍കോലി മുതല്‍ വെള്ളിക്കെട്ടന്മാര്‍ വരെയുള്ള സമസ്ത പാമ്പുകളും മകുടിയൂത്ത് കേള്‍ക്കുമ്പോള്‍ എപ്രകാരമാണോ മര്യാദ രാമന്മാരകുന്നത് അപ്രകാരം ഇവയെയൊക്കെ പ്രതിനിധീകരിക്കുന്ന ക്ലാസ്സിലെ സമസ്ത  വിദ്യാര്‍ത്ഥികളും സജിത്ത് സാറെന്നു കേട്ടാല്‍ അടങ്ങിയിരിക്കുന്ന കാലം .ബേസിക് ഇലക്ട്രോണിക്സ്  ആണ് സാറ് പഠിപ്പിക്കുന്നത്‌ .സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകും .
സംശയങ്ങള്‍ ചോദിച്ചുകൊള്ളാന്‍ അനുമതിയും സമയവുമുണ്ട്.പക്ഷെ ആരെടാ വീരാ പോരിനു വാടാ എന്ന മട്ടില്‍ നില്‍ക്കുന്നയളോട്  എങ്ങനെ ചോദിക്കും? പിന്നെയുള്ള  ഒരേയൊരു വഴി അടുത്ത ടോപിക്കു കൂടി കേട്ട് അതില്‍ നിന്നും ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ്..അത് ചെയ്തു പോന്നു .ഫസ്റ്റ് ഇയര്‍ ലെ  ഈ സമീപനത്തിന്‍റെ ആവശ്യവും അതിന്‍റെ ഗുണവും അദ്ദേഹത്തിന്‍റെ ആത്മാര്‍ഥതയും പിന്നീടാണ്‌ മനസിലായത്.തുടര്‍ന്നുള്ള സെമ്മുകളില്‍   communication  topic കളാണ്  സാര്‍ എടുത്തത്‌ .ഏറെ താല്പര്യത്തോടെയും കൌതുകത്തോടെയും ഞാനത് കേട്ടിരുന്നിട്ടുണ്ട്. സംശയങ്ങള്‍ ചോദിച്ചാല്‍ ഏറ്റവും കൃത്യമായി സംശയനിവൃത്തി  വരുത്തിയിരുന്നു സാര്‍. കാണാതെ പഠിച്ചാല്‍ മറന്നു പോകുന്ന പല ഭാഗങ്ങളും മനസിലാക്കി പഠിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട് .


                           റാപ്പാപോര്‍ട്ട്‌ എന്നൊരു വിദ്വാനെഴുതിയ  ഒരു പുസ്തകമുണ്ട് .എഴുതിയവനു തന്നെ അത് മുഴുവന്‍ മനസിലായിട്ടുണ്ടോ എന്ന് സംശയമാണ്. അത് വെച്ചാണ്‌ സാറിന്‍റെ പ്രയോഗം .അത് കൊണ്ട് എവിടെയെങ്കിലും നമ്മള്‍ ശ്രദ്ധിക്കാതിരുന്നാല്‍ ഫലം ഗോവിന്ദയാണ്. മറ്റൊരു കാര്യം സാറിന്‍റെ കളിയാക്കലുകളാണ് .എത്ര പേരിരിക്കുന്ന ഇടത്തും സാര്‍ ലക്‌ഷ്യം വെച്ചവനില്‍ തന്നെ അത് കൊളളും.അവനു കാര്യം മനസിലാകുകയും ചെയ്യും. സാറിന്‍റെ കളിയാക്കലുകള്‍ ഞാന്‍ വളരെ ആസ്വദിച്ചിരുന്നു .ഞാന്‍ മാത്രമല്ല,പലരും .സാര്‍ പിണങ്ങിയിറങ്ങിപ്പോയ അവസരങ്ങള്‍ ഉണ്ടാക്കിയ മാനസിക അസ്വസ്ഥത  വലുതായിരുന്നു ... 

             സഹജമായ നര്‍മ ബോധവും ഉള്‍ക്കാഴ്ചയും സംസാരത്തിലുടനീളം ഉണ്ടാവും .ഒരുപക്ഷെ ഇതൊക്കെതന്നെയാവാം എനിക്ക് അദ്ദേഹം ഏറ്റവും പ്രിയങ്കരനാകാനുള്ള കാരണവും  .പിന്നീടിങ്ങോട്ട്‌ ഞാന്‍ ഒരു കാരണവശാലും നഷ്ടപ്പെടരുതന്നാഗ്രഹിച്ചിരുന്ന ക്ലാസ്സുകളും അദേഹത്തിന്‍റെ യായിരുന്നു .എന്‍റെ മനസിലെ പന്തളം പോളിയുടെ  ഓര്‍മചിത്രത്തില്‍  മിഴിവേറിയ ഒരു എണ്ണച്ചായാ  ചിത്രമായി സാറെന്നുമുണ്ടാകും.provisional  സര്‍ട്ടിഫിക്കറ്റ്  വാങ്ങാന്‍ ചെന്നിട്ടു തിരിച്ചിറങ്ങുമ്പോള്‍ "ഞങ്ങളും ക്ലാസ്സിലിരുന്നോട്ടെ എന്നു സാറിനോട്  ചോദിച്ചാലോ" എന്ന്  SHINCE  എന്നോടു ചോദിച്ചു .അപ്പോഴെന്തോ തമാശ പറഞ്ഞൊഴിഞെങ്കിലും  ഞാനുമതാഗ്രഹിച്ചിരുന്നു എന്നതാണ് സത്യം .................

 

                                                                                                                               (തുടരും.......)