Wednesday, 28 January 2015

ധീരാ വീരാ നേതാവേ....


 ‘എന്താണ് ഗവണ്മെന്റ്’ അല്ലെങ്കില്‍ എന്തായിരിക്കണം ഗവണ്മെന്റ് എന്ന് ചോദിച്ചാല്‍ നാമെന്തുത്തരം പറയും? ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന ഭരണകര്‍ത്താക്കളും തത്ഫലമായി ഉണ്ടാകുന്ന ഉട്ടോപ്യന്‍ ലോകവുമൊക്കെ പറയാന്‍ പറ്റിയില്ലെങ്കിലും കുറഞ്ഞപക്ഷം അത് സ്വബോധം ഉള്ളവന്‍മാരുടെയെങ്കിലും ഒരു ടീം ആയിരിക്കണം എന്നാണ് നമ്മുടെ ഒരു ‘ഇത്’.നമ്മുടെ ഒരു സുഹൃത്ത് ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയുകയും പരസ്പരബന്ധമില്ലാതെ സംസാരിക്കുകയും ചെയ്താല്‍ നമ്മളെന്താണ് ചെയ്യുക.ഒന്നുകില്‍ അവന്റെ പല്ലിന്‍റെ എണ്ണത്തില്‍ അവസരോചിതമായ കുറവ് നമ്മള്‍ വരുത്തും അല്ലെങ്കില്‍ പിടിച്ച് ഊളമ്പാറക്കയയ്ക്കും.എന്നിട്ടും ഏതാണ്ട് അതേ അവസ്ഥയില്‍ പെരുമാറുന്ന ഒരു ഭരണകൂടത്തോട് സമരസപ്പെടാന്‍ നമുക്കെങ്ങനെ കഴിയുന്നു എന്നത് പഠനാര്‍ഹമായ വിഷയമാണ്.

അഴിമതി രാഷ്ട്രീയക്കാരുടെ ഒരു അവകാശം എന്ന നിലയില്‍ നമ്മള്‍ അംഗീകരിച്ചുകൊടുത്തിട്ട് വര്‍ഷങ്ങളായി.(ഇതിനര്‍ത്ഥം രാഷ്ട്രീയക്കാര്‍ മാത്രമേ അഴിമതി നടത്തുന്നുള്ളൂ എന്നല്ല,സാമാന്യ വിദ്യഭ്യാസമുള്ള ഒരാള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിലും വലിയ തുകകള്‍ അടിച്ചുമാറ്റുന്നത് അവരായതുകൊണ്ട് പറഞ്ഞെന്നെയുള്ളൂ).ഒരഴിമതി വാര്‍ത്ത‍ കേട്ടാല്‍ ശരാശരി മലയാളിയുടെ വിചാര വികാരങ്ങള്‍ ഏതാണ്ട് താഴെപ്പറയുന്നത് പോലിരിക്കും.

1.   ‘ഇതൊക്കെയെന്ത്.നമ്മളറിഞ്ഞത് ഇയാളുടെ മാത്രം കഥ.അറിയാതെ എത്രയോ അവന്മാര്‍ വെട്ടിക്കുന്നുണ്ട്’.(ശീലമായിപ്പോയി..ചെറു സംഖ്യകളൊന്നും ഇവരെ ബാധിക്കില്ല)
2. ‘ഓരോ *******ന്‍റെയൊക്കെ യോഗം.ഈ കാശൊക്കെ എന്തു ചെയ്യുന്നോ എന്തോ? (അസൂയ.വേറെ പ്രത്യേകിച്ചൊന്നുമില്ല)
3.  ഇവനൊക്കെ കാരണമാ നാട് നന്നാവാത്തെ.കള്ളപന്നി.വോട്ടു ചെയ്തവന്മാര്‍ അനുഭവിക്കട്ടെ.(ഞങ്ങളെ ജയിപ്പിക്കാത്ത തെണ്ടികള്‍ക്ക് അതുതന്നെ വേണം എന്ന് വ്യംഗ്യം.)
4.കുറച്ചു കാശ് പാവങ്ങള്‍ക്ക് കൊടുത്തൂടെ ഇവന്മാര്‍ക്ക്?ഇതെല്ലാം നമ്മുടെ നികുതിപ്പണമാണ്.(നിരാശോമാനിയ.)

രാഷ്ട്രീയ മണ്ഡലത്തില്‍ ‘തിളങ്ങി വിളങ്ങി’ നില്‍ക്കുന്ന ചില ജീവികളെ നമുക്കൊന്ന് നോക്കാം.(ഇത് വായിക്കുമ്പോള്‍ ‘അതുതാനല്ലയോ ഇത്’ എന്ന് ആരെക്കുറിച്ചെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ എനിക്കൊന്നും പറയാനില്ല.വിധിയെന്നേ കരുതേണ്ടൂ.) അടിച്ചു കോണ്‍തിരിഞ്ഞു ഉടുമുണ്ടും പറിച്ചു തലേല്‍ക്കെട്ടി ഇലക്ട്രിക്‌ പോസ്റ്റിനു താങ്ങുകൊടുത്തുകൊണ്ട് നില്‍ക്കുന്ന ചിലരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.വാ തുറന്നാല്‍ ഭരണിപ്പാട്ടുകാര്‍ നാലടി മാറിനില്‍ക്കുന്ന പ്രയോഗങ്ങളാണ് ഇവര്‍ നടത്തുക.(സഹികെടുന്ന നാട്ടുകാരുടെ കൈ കൊണ്ടാകും സാധാരണഗതിയില്‍ ഇവറ്റകള്‍ക്ക് മോക്ഷം ലഭിക്കുക).ഈയിനത്തില്‍ പെട്ട ഒരെണ്ണം ഒരു ഗവണ്മെന്റിന്‍റെ ഭാഗമായാല്‍ എങ്ങനിരിക്കും? ലോകാവസാനത്തിന്റെ വിവിധ ലക്ഷണങ്ങളില്‍ ഒന്നിതാണത്രേ!!.

 ഒരുമാതിരിപ്പെട്ട ഭൌതികവ്യവഹാരങ്ങളുടെയെല്ലാം ചാലക ശക്തിയാണ് ധനം.എന്നുവെച്ച് സാമ്പത്തികശാസ്ത്രഞ്ജന്മാര്‍ പറയുന്ന പോലേ അത് ഒഴുകാവൂ എന്നുണ്ടോ? ഒരിക്കലുമില്ല.’പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടാലിച്ചിരേം തിന്നുകേലേ’ എന്ന് പണ്ടാരാണ്ട് പറഞ്ഞതു പോലെ മന്ത്രിമാരല്ലേ കാശല്ലേ കണ്ടാലിച്ചിരേം വെട്ടിക്കില്ലേ എന്ന് ആശ്വസിക്കാം.

 വിളിക്കാന്‍ ഒരുപാടു നാടന്‍ പ്രയോഗങ്ങള്‍ ഉണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹം പണ്ഡിതമലയാളത്തിലേ പേര് പറയാറുള്ളൂ.’അഴിമതി’,സ്വജനപക്ഷപാതം എന്നിങ്ങനെ.( ‘നാറികളില്‍ പരനാറികളെ തെണ്ടികളില്‍ പരതെണ്ടികളെ’ എന്ന ലൈനില്‍ ഇവരെ തെറിവിളിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല.അവരാണ് ഇനി നാടിന്‍റെ ഏക പ്രതീക്ഷ!) ഒരുത്തന്‍ ജയിച്ച് എംഎല്‍എ യോ മന്ത്രിയോ ആയി എന്നുവെച്ച് എപ്പോഴും തന്നെ ജയിപ്പിച്ചു വിട്ട അലവലാതികളേം നോക്കി ഇവിടെ ഇരിക്കണമെന്ന് പറയുന്നത് ന്യായമാണോ? ഒരിക്കലുമല്ല. അതുകൊണ്ട് അവര്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഭൂമിയുടെ മറുവശത്ത് കിടക്കുന്ന രാജ്യങ്ങളിലൊക്കെ പോയെന്നിരിക്കും.അത് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്.(എന്തൊക്കെയാണ് ഈ നാട്ടില്‍ നിയമവിരുദ്ധമല്ലാത്തത് എന്ന വിഷയത്തില്‍ ഗവേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.ആകുമ്പോള്‍ അറിയിക്കും)

  10 ലക്ഷം രൂപ വേണ്ട ഒരു പദ്ധതി ഒരുകോടിയ്ക്ക് ഉറപ്പിക്കുന്നു.ആറുമാസം കൊണ്ട് തീരേണ്ട ടി പദ്ധതി അഞ്ചുകൊല്ലം കൊണ്ട് തറക്കല്ലിടുന്നു.എല്ലാം കഴിഞ്ഞു പണിതുടങ്ങാന്‍ വരുമ്പോള്‍ തമിഴ് സിനിമകളില്‍ ദൈവം പ്രത്യക്ഷപ്പെടുന്നതു പോലെ പരിസ്ഥിതിവാദികള്‍,മനുഷ്യാവകാശപ്രവര്‍ത്തകര്‍,വന്യജീവി സംരക്ഷകര്‍,മൃഗസ്നേഹികള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നൊക്കെ അറിയപ്പെടുന്ന ചിലര്‍ പ്രത്യക്ഷപ്പെടുന്നു.കാലാവധി നീട്ടിക്കിട്ടിയ ഏതെങ്കിലും കമ്മിഷന്‍ന്‍റെ റിപ്പോര്‍ട്ട്‌ (ഈ സാധനം സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഒന്നല്ല.ഏതാണ്ട് സെന്‍സസ് റിപ്പോര്‍ട്ട്‌ പോലിരിക്കും) ‘ചര്‍ച്ചിക്കുന്നു’.ആരെ കറക്കിയാല്‍ 9 മണി വാര്‍ത്ത‍ ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുന്ന ചാനലുകള്‍ ഇത് പുഴുങ്ങിയ നേന്ത്രപ്പഴം കണക്കെ പാവം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു.ആരുപറയുന്നത് വിശ്വസിക്കണം എന്നറിയാത്ത ജനം ചേരി തിരിഞ്ഞു തെരുവില്‍ തല്ലുണ്ടാക്കി പോലീസുകാര്‍ക്ക് വ്യായാമം നല്‍കുന്നു.ഇതിനിടയില്‍ മുടക്കിയ പണം എങ്ങോട്ട്പോയി?
രാഷ്ട്രീയക്കാര്‍ പെണ്ണുകേസില്‍ കുടുങ്ങുന്നത് പുതിയകാര്യമൊന്നുമല്ല.ന്നാലും ഒരു പെണ്ണ് സംസ്ഥാനരാഷ്ട്രീയം മൊത്തത്തില്‍ നിയന്ത്രിക്കുന്നത് പുതുമയുള്ള കാര്യം തന്നെ.പെണ്ണുപിടിയും പാരവെയ്പ്പും എന്തിനു തല്ലുംകൊണ്ട് നടക്കുന്ന നേതാക്കളെയും നാം കണ്ടു.

 ഒരു സംഘത്തിന്‍റെ നേതാവാകാന്‍ വേണ്ട അടിസ്ഥാനഗുണം അവര്‍ക്കുള്ള യോഗ്യതയേക്കാള്‍ ഒരു പടി കൂടി മുകളില്‍ നില്‍ക്കുന്നവനാകുക എന്നതാണ്.അങ്ങനെ വരുമ്പോള്‍ ഇതുപോലുള്ള ഒരു ഗവണ്മെന്റ്നെ നയിക്കുന്നയാള്‍ ചില്ലറപ്പുള്ളിയൊന്നുമായാല്‍ പോര.നാലാളറിഞ്ഞാല്‍ എന്തുപറയും എന്ന തോന്നല്‍ ഉള്ളവരെയാണ് നമ്മള്‍ ഉളുപ്പുള്ളവര്‍ എന്ന് പറയുന്നത്.ആ ഗുണം അശേഷം തൊട്ടുതെറിച്ചിട്ടില്ലാത്ത മാന്യന്മാര്‍ ഭരിക്കുമ്പോള്‍ ഇതൊക്കെയേ നടക്കൂ.ഈശ്വരോ രക്ഷതു!


വാല്‍ക്കഷ്ണം:ഇനിമുതല്‍ കൊലപാതകം,തീവെട്ടിക്കൊള്ള തുടങ്ങി എന്തുകുറ്റകൃത്യവും ആര്‍ക്കും ഒരുതവണ ചെയ്യാം.രണ്ടാമത്തെ പ്രാവശ്യം മുതലേ അതു കുറ്റമായി പരിഗണിക്കുകയുള്ളൂ.കുറ്റവാളിയുടെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചാല്‍ അവരെ വെറുതെ വിടുന്ന നിയമവും നിലവില്‍ വന്നെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.