Friday 6 July 2012

തൊലിക്കട്ടി

                                                        

 

തൊലിക്കട്ടി 

 

     മൂക്കിന്റെ  തുമ്പത്തു ദേഷ്യമുള്ള കൂട്ടുകാരിയെപ്പറ്റി
 ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌  ഫോണടിച്ചത്
അകന്ന ബന്ധുവിന്റെ മരണ വാര്‍ത്തയെക്കാള്‍ കൌതുകം
പകര്‍ച്ചപ്പനിയുടെ അക്കൌണ്ടായിരുന്നു .....

    പത്തു സെന്റ്‌ ഇരുപതു രൂപയ്ക്ക് കൈവിട്ട കാലത്തെക്കുറിച്ച്  
പരിതപിക്കുന്ന മുത്തശ്ശിയോട് ഗുരുവായൂരിലെ ഫ്ലാറ്റെന്നു മിണ്ടിയില്ല .      

      കറിയാക്കി  മാറ്റുന്ന വിഷക്കൂട്ടുകളുടെ വാണവിലയും
നൂറുപവനില്‍ കെട്ടുതാലി പൊട്ടിപ്പോയ കൂടപ്പിറപ്പിന്റെ
മൂക്കാതെ പഴുക്കേണ്ടിവന്ന പാകതയും ചങ്കിലേക്കു വരുന്നില്ല .

   സദാചാരപ്പോലിസെന്ന പുതിയ വര്‍ഗം       
കടിച്ചു കുടഞ്ഞ   പ്രണയവും താങ്ങി
അസ്ഥാനത്തുതൊഴിയേറ്റ ക്ഷതവുമായി  മുന്നില്‍
വന്ന ചെറുപ്പക്കാരന്‍ പങ്കുവെച്ചത് 
കരച്ചിലോ  പ്രതിഷേധമോ എന്നു തിരിച്ചറിഞ്ഞതുമില്ല.

  വണ്ടി വിറ്റ് പെട്രോളു വാങ്ങേണ്ടി  വരുന്നത്
അവസ്ഥയോ  ദുരവസ്ഥയോ എന്നു നോക്കിയില്ല .

  റോഡേ പോയവന്റെ  തല പൊളിച്ചു  താഴെയിട്ടപ്പോള്‍
വെട്ടുകളുടെ എണ്ണവും അതിന്റെ പിതൃത്വവും വിഷയമാക്കി  നേടിയവരോടും
മനുഷ്യ ത്വമെന്ന  എടുക്കാച്ചരക്കിന്റെ 
മൂല്യം പ്രസംഗിച്ചില്ല .

  ആകെയുള്ള തുണ്ട് ഭൂമിക്കു എഞ്ചിനീയറിംഗ് പഠനം  വിലയിട്ടപ്പോള്‍
കെട്ടിത്തൂങ്ങിച്ചത്ത സുഹൃത്തിനു വേണ്ടിയും കണ്ണ് നനഞ്ഞില്ല .

  കെണിവെച്ചു പിടിച്ച കാക്ക
ചിക്കനായി രൂപം മാറിയതും ലോണെടുത്തവന്‍ വിഷമടിച്ചതും
പതിവായിപ്പോയതുകൊണ്ട് പരിഗണിച്ചില്ല .

  എന്നിട്ടും നാം വികസനത്തിലേക്കെന്നു  പറയുന്ന മുഖ്യന്റെ
തോലിക്കട്ടിയോര്‍ത്തപ്പോള്‍  ഹോ   ഞെട്ടിപ്പോയി .....