Saturday 22 June 2013

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് (മാത്രം) മൊത്തത്തില്‍ സമയ ദോഷം!!!!



      കുറച്ചുദിവസം മുന്‍പുവരെ എന്‍റെ പെണ്‍സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ യാതൊരു കുഴപ്പവുമില്ലായിരുന്നു.. ഇപ്പോഴങ്ങനെയല്ല. ആദ്യം അവര്‍ മുസ്ലിം പെണ്‍കുട്ടികളാണോന്നറിയണം ആണെങ്കില്‍ സുരക്ഷിതമായ അകലം പാലിച്ച് (വല്ല മരത്തിന്റെയോ മറ്റോ പുറകില്‍ ഒളിച്ചാലും മതി) വേണം ഇടപെടാന്‍.. കാര്യം വളരെ നിസാരമാണ്.നമ്മുടെ സര്‍ക്കാരിന്റെ പുതിയ മഹത്തായ കണ്ടെത്തല്‍ പ്രകാരം മുസ്ലിം കുട്ടികള്‍ മറ്റു മനുഷ്യക്കുട്ടികളെ അപേക്ഷിച്ച് ജൈവീകമായ എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളവരാണ്.(എന്തൊക്കെയാണെന്ന് എന്നോട് ചോദിക്കരുത്..ഞാന്‍ കുഴങ്ങിപ്പോകും).

    മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണ പ്രായം 16 ആക്കി കുറച്ചു കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ വകയായി ഒരു സര്‍കുലര്‍ ഇറങ്ങി!!! ടി സര്‍കുലര്‍  പ്രകാരം മുസ്ലിം സ്ത്രീ-പുരുഷന്മാരുടെ യഥാ ക്രമം18-21പ്രായ പരിധിക്കു താഴെയുള്ള വിവാഹം ലീഗല്‍ ആണ്. ഇതിനു കാരണമായി മന്ത്രി ഡോ.മുനീര്‍ പറഞ്ഞത് അടുത്തിടെയുണ്ടായ ഹൈ കോര്‍ട്ട് വിധി പ്രകാരം ഏതോ പെണ്‍കുട്ടിയെ 16 വയസില്‍ കെട്ടാന്‍ അനുവദിച്ചു എന്നാണ്.(കോടതിയെ അതേപടി അനുസരിക്കുന്ന ഒരു നിഷ്കളങ്ക  ഗവണ്മെന്റ്നെ കണ്ടിട്ടില്ലാത്തവര്‍ ദേ ഇപ്പോ കണ്ടോണം)ഒരു ഗവണ്മെന്റിനു മൊത്തത്തില്‍ വട്ടു പിടിച്ചാല്‍ എങ്ങനെ ഇരിക്കുമെന്നതാണ് നാമിപ്പോള്‍ കാണുന്നത്.സരിതയും ബിജുവും ജോപ്പനും കോപ്പനുമെല്ലാം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു.മുഖ്യ മന്ത്രിയടക്കമുള്ളവര്‍ സംശയത്തിന്‍റെ നിഴലിലാണ്. .ഇതിനിടയിലാണ് സാമൂഹ്യ പരിവര്‍ത്തനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ വരുന്നത്.ഇന്നും കേരളത്തില്‍ പൂര്‍ണമായ തോതില്‍ ഒഴിവാക്കപ്പെടാത്ത അണ്ടര്‍ ഏജ് വിവാഹങ്ങള്‍ ഒഴിവാക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതിനു പകരം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതിനും രണ്ടഭിപ്രായമുണ്ട് .16 വയസില്‍ കെട്ടാനാഗ്രഹമുള്ള ആളുകളെ (കുട്ടികളെ എന്നത് മനപ്പൂര്‍വം മാറ്റിയതാണ് ) അതിനനുവദിക്കണമെന്നതാണിവരുടെ ‘ന്യായമായ’ആവശ്യം.'എന്നാണമ്മേ ന്‍റെ കല്യാണം' എന്നു ചോദിക്കുന്ന അഞ്ചു വയസുകാരികള്‍ സൂക്ഷിക്കുക,പിറ്റേ ദിവസം നിങ്ങളുടെ കല്യാണം ശരിക്കും നടത്തിത്തന്നുകളയും ഈ അഭിനവ മനുഷ്യാവകാശ ഫ്രോഡുകള്‍.


       കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ ഉന്നമനമോ സാംസ്‌കാരിക പുരോഗതിയോ ആഗ്രഹിക്കുന്ന സുബോധമുള്ള ഒരാളും ഇതിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ല.ഒരു ഫേസ് ബുക്ക്‌ കമന്റ്‌ പോലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി നല്‍കാനുള്ള തീരുമാനം ഉടന്‍ വരുമെന്ന് നമുക്കു പ്രതീക്ഷിക്കാം. സമൂഹത്തെ, കുറഞ്ഞപക്ഷം കുട്ടികളെയെങ്കിലും മനുഷ്യരായി കാണാനും പ്രാകൃതമായ സമ്പ്രദായങ്ങളുടെ കെട്ടുപാടില്‍ നിന്നും അവരെ സ്വതന്ത്രരാക്കി കെട്ടുറപ്പുള്ള ഒരു ജനതതിയെ വാര്‍ത്തെടുക്കാനുമുളള  വിവേകബുദ്ധി എന്നാണ് ഈ കിഴങ്ങന്‍മാര്‍ക്കുണ്ടാകുന്നത്?