Saturday 22 June 2013

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് (മാത്രം) മൊത്തത്തില്‍ സമയ ദോഷം!!!!



      കുറച്ചുദിവസം മുന്‍പുവരെ എന്‍റെ പെണ്‍സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ യാതൊരു കുഴപ്പവുമില്ലായിരുന്നു.. ഇപ്പോഴങ്ങനെയല്ല. ആദ്യം അവര്‍ മുസ്ലിം പെണ്‍കുട്ടികളാണോന്നറിയണം ആണെങ്കില്‍ സുരക്ഷിതമായ അകലം പാലിച്ച് (വല്ല മരത്തിന്റെയോ മറ്റോ പുറകില്‍ ഒളിച്ചാലും മതി) വേണം ഇടപെടാന്‍.. കാര്യം വളരെ നിസാരമാണ്.നമ്മുടെ സര്‍ക്കാരിന്റെ പുതിയ മഹത്തായ കണ്ടെത്തല്‍ പ്രകാരം മുസ്ലിം കുട്ടികള്‍ മറ്റു മനുഷ്യക്കുട്ടികളെ അപേക്ഷിച്ച് ജൈവീകമായ എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളവരാണ്.(എന്തൊക്കെയാണെന്ന് എന്നോട് ചോദിക്കരുത്..ഞാന്‍ കുഴങ്ങിപ്പോകും).

    മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണ പ്രായം 16 ആക്കി കുറച്ചു കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ വകയായി ഒരു സര്‍കുലര്‍ ഇറങ്ങി!!! ടി സര്‍കുലര്‍  പ്രകാരം മുസ്ലിം സ്ത്രീ-പുരുഷന്മാരുടെ യഥാ ക്രമം18-21പ്രായ പരിധിക്കു താഴെയുള്ള വിവാഹം ലീഗല്‍ ആണ്. ഇതിനു കാരണമായി മന്ത്രി ഡോ.മുനീര്‍ പറഞ്ഞത് അടുത്തിടെയുണ്ടായ ഹൈ കോര്‍ട്ട് വിധി പ്രകാരം ഏതോ പെണ്‍കുട്ടിയെ 16 വയസില്‍ കെട്ടാന്‍ അനുവദിച്ചു എന്നാണ്.(കോടതിയെ അതേപടി അനുസരിക്കുന്ന ഒരു നിഷ്കളങ്ക  ഗവണ്മെന്റ്നെ കണ്ടിട്ടില്ലാത്തവര്‍ ദേ ഇപ്പോ കണ്ടോണം)ഒരു ഗവണ്മെന്റിനു മൊത്തത്തില്‍ വട്ടു പിടിച്ചാല്‍ എങ്ങനെ ഇരിക്കുമെന്നതാണ് നാമിപ്പോള്‍ കാണുന്നത്.സരിതയും ബിജുവും ജോപ്പനും കോപ്പനുമെല്ലാം വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു.മുഖ്യ മന്ത്രിയടക്കമുള്ളവര്‍ സംശയത്തിന്‍റെ നിഴലിലാണ്. .ഇതിനിടയിലാണ് സാമൂഹ്യ പരിവര്‍ത്തനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ വരുന്നത്.ഇന്നും കേരളത്തില്‍ പൂര്‍ണമായ തോതില്‍ ഒഴിവാക്കപ്പെടാത്ത അണ്ടര്‍ ഏജ് വിവാഹങ്ങള്‍ ഒഴിവാക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതിനു പകരം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതിനും രണ്ടഭിപ്രായമുണ്ട് .16 വയസില്‍ കെട്ടാനാഗ്രഹമുള്ള ആളുകളെ (കുട്ടികളെ എന്നത് മനപ്പൂര്‍വം മാറ്റിയതാണ് ) അതിനനുവദിക്കണമെന്നതാണിവരുടെ ‘ന്യായമായ’ആവശ്യം.'എന്നാണമ്മേ ന്‍റെ കല്യാണം' എന്നു ചോദിക്കുന്ന അഞ്ചു വയസുകാരികള്‍ സൂക്ഷിക്കുക,പിറ്റേ ദിവസം നിങ്ങളുടെ കല്യാണം ശരിക്കും നടത്തിത്തന്നുകളയും ഈ അഭിനവ മനുഷ്യാവകാശ ഫ്രോഡുകള്‍.


       കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെ ഉന്നമനമോ സാംസ്‌കാരിക പുരോഗതിയോ ആഗ്രഹിക്കുന്ന സുബോധമുള്ള ഒരാളും ഇതിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ല.ഒരു ഫേസ് ബുക്ക്‌ കമന്റ്‌ പോലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി നല്‍കാനുള്ള തീരുമാനം ഉടന്‍ വരുമെന്ന് നമുക്കു പ്രതീക്ഷിക്കാം. സമൂഹത്തെ, കുറഞ്ഞപക്ഷം കുട്ടികളെയെങ്കിലും മനുഷ്യരായി കാണാനും പ്രാകൃതമായ സമ്പ്രദായങ്ങളുടെ കെട്ടുപാടില്‍ നിന്നും അവരെ സ്വതന്ത്രരാക്കി കെട്ടുറപ്പുള്ള ഒരു ജനതതിയെ വാര്‍ത്തെടുക്കാനുമുളള  വിവേകബുദ്ധി എന്നാണ് ഈ കിഴങ്ങന്‍മാര്‍ക്കുണ്ടാകുന്നത്?

Thursday 9 May 2013

തല്ലിക്കൊല്ലുന്ന നയതന്ത്രവും ഫേസ്ബുക്കും




സരബ്ജിത് സിംഗിനെ ആക്രമിച്ചു കൊലപ്പെടുത്തിയപ്പോള്‍ 
ഇന്ത്യയിലും സമാനമായ ഒരു പ്രതികരണം ഉണ്ടായി.ജമ്മു കാശ്മീരിലെ ജയിലില്‍ തടവിലായിരുന്ന പാകിസ്ഥാന്‍ പൌരന്‍ സനാനുള്ള സഹതടവുകാരനാല്‍ മര്‍ദിക്കപ്പെട്ടു. പതിവ്പോലെ ആഗോള സമൂഹത്തിന്റെ മുൻപിൽ ഇന്ത്യയുടെ മാനം കപ്പലു കേറിയെന്നും പറഞ്ഞു ബ്ലോഗുകളിലും മറ്റും ചൂടൻ പ്രതികരണങ്ങളും വന്നു. പാകിസ്ഥാൻ പൗരനെ ആക്രമിച്ചവനെ പിന്തുണക്കാനോ  അത് ശരിയായ രീതിയാണെന്ന് സ്ഥാപിക്കാനോ അല്ല എന്റെ ശ്രമം. മറിച്ച് ഇതിന്റെ മറ്റൊരു വശം കാണാനാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ചാടിവീഴുന്ന ഫേസ്ബുകിലെ യുവനിര ഈ വിഷയത്തിൽ പുലർത്തിയ 'അത്രയ്ക്കങ്ങോട്ട് ചൂടനല്ലാത്ത' പ്രതികരണം  നാം ഗൌരവത്തോടെ  കാണേണ്ടതുണ്ട്. സംഭവത്തെ അപലപിച്ച ചുരുക്കം ചില പോസ്റ്റുകളില്‍ വന്ന കമന്റുകള്‍ ഇതുതന്നെയാണ് വേണ്ടത് എന്ന മട്ടിലായിരുന്നു.നമ്മുടെ ഭരണകൂടത്തിന്‍റെ കഴിവുകേടില്‍ രാജ്യത്തെ യുവനിര എത്രത്തോളം അസംതൃപ്തരാണ് എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയപ്പോള്‍ വന്ന ഒരു ഫേസ് ബുക്ക്‌ കമന്റ്‌ ഇപ്രകാരമാണ് “ചൈനക്കാരെ തുരത്താന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആണ്‍കുട്ടികള്‍ ഉണ്ട്.പക്ഷെ രാഷ്ട്രീയത്തില്‍ തന്തക്കു പിറന്ന ഒരുത്തനുമില്ല.”.കേവലം തമാശക്കായി ലൈക്കും ഷെയര്‍ഉം ചെയ്തു കളിക്കുന്ന നേരമ്പോക്കുകാരെ ഒഴിച്ചുനിര്ത്തിയാലും സജീവ ഫേസ്ബുക്ക്‌ ആക്ടിവിസ്റ്റുകളായ നല്ലൊരു ശതമാനം ആളുകളുണ്ട്.അവരും ഇക്കാര്യത്തില്‍ മൌനം പാലിച്ചു എന്നത് അത്ര നല്ല സന്ദേശമല്ല തരുന്നത് .അഴിമതിയില്‍ ലോക റെക്കോര്‍ഡ്‌ കിട്ടാന്‍ വേണ്ടിയെന്നോണം ഭരിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റ് ഇങ്ങനെ സമൂഹത്തില്‍ അരാഷ്ട്രീയതയും വളര്‍ത്തുന്നു.ചൈനയുടെ സേനാപിന്മാറ്റം നയതന്ത്ര വിജയമായി കാണാതെ നമ്മുടെ 'കഴിവ്' തെളിയിക്കാനുള്ള നഷ്ടപ്പെട്ട അവസരമായി കാണുന്നത് അപകടകരമാണ്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ അക്രമത്തിനിരയായ പാക്‌പൌരന്‍ മരിച്ചു എന്ന വാര്‍ത്ത‍ വരുന്നത്.
കണക്കു ടാലിയായ സന്തോഷത്തില്‍ ഇനി നമുക്കു പോസ്റ്റുകള്‍ ഇടാം .ഇന്ത്യയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നു കാട്ടിക്കൊടുക്കാം .
        
     അതേ സമയം തന്നെ ഈ അക്രമത്തെ അനുകൂലിക്കുന്നവര്‍  ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്.പൊടിക്കുഞ്ഞു മുതല്‍ മുത്തിയമ്മ വരെ ഏതു പ്രായത്തിലുള്ള പെണ്ണും ബലാല്‍സംഗം ചെയ്യപ്പെടുന്ന ,കണക്കു കൂട്ടിയെടുക്കാന്‍ കഴിയാത്ത തരത്തില്‍ അടിമുടി അഴിമതി നടമാടുന്ന,തൊഴിലും ആഹരവുമില്ലാതെ പതിനായിരങ്ങള്‍ നരകിക്കുന്ന ,കാശുള്ളവന് എന്തും സാദ്ധ്യമായ ഇന്ത്യ എന്ന രാജ്യം ലോകത്തിനു മുന്നില്‍ മഹത്തരമായ സ്ഥാനമാണോ അലങ്കരിക്കുന്നതെന്നാണത്.. ലോകരാഷ്ട്രങ്ങളുടെ മുന്‍പിലെ ഇന്ത്യയുടെ മഹാസ്ഥാനം എന്നത് ഊതിവീര്‍പ്പിച്ച ഒരു ബിംബമായിക്കഴിഞ്ഞിട്ടു നാളുകളേറെയായി. എത്രയൊക്കെ നേട്ടങ്ങള്‍ സ്പോര്‍ട്സിലും സയന്‍സിലും നേടിയാലും സാംസ്‌കാരിക മേഖലയിലെ ജീര്‍ണത ഒരു വാസ്തവം തന്നെയാണ്.ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കാത്തത് ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര വേദികളില്‍ സായിപ്പ് ഇന്ത്യയെ പുകഴ്ത്തുന്നത് കേട്ടുസുഖിക്കുന്ന ആത്മരതിയുടെ തിരുശേഷിപ്പുകളാണവര്‍ എന്നതിനാലാണ്.  
എന്തുകൊണ്ട് സമാധാനവും നയതന്ത്രവും എന്നത് കുറച്ചു കുഴഞ്ഞ പ്രശ്നമാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ എല്ലാവരെയും സുഖിപ്പിച്ചു നിര്‍ത്തി സ്വന്തം കാര്യം കാണുന്ന തറവേലയുടെ ഔദ്യോഗിക നാമമാണത് .പാകിസ്ഥാനെ പേടിപ്പിക്കുന്നതും ചൈനയെ പേടിപ്പിക്കുന്നതും രണ്ടാണല്ലോ. 
  
  പണ്ടൊരു രസികന്‍ പറഞ്ഞതുപോലെ അടിച്ചവനെ തിരിച്ചടിക്കുന്നത് ശരിയാണോ? എന്നു ചോദിച്ചാൽ അത് അടിച്ചവന്റെ തരം  പോലിരിക്കും എന്നേ പറയാനാകൂ.അതുകൊണ്ട് നയതന്ത്രവും നമുക്കു വേണം.ഇപ്പോ മനസിലായില്ലേ പിള്ളേരു പറയുന്നതാണു ശരി പക്ഷെ അമ്മാവന്‍ പറയുന്നതാണു ശരി....

Saturday 2 March 2013

ഗോവിന്ദന്‍കുട്ടി സാറിന്‍റെ ടൈം,നല്ല ബെസ്റ്റ് ടൈം.....


         
  
                    ഹേഡങ്ങേത്ത മുതല്‍ സര്‍ക്കിള്‍ വരെയുള്ള 'ലോക്കല്‍' മേലാപ്പീസര്‍മാരുടെ വായിലിരിക്കുന്നതും  കേട്ട് പരിക്ഷീണിതനായി,കഷണ്ടി  കയറിയ തലയും തടവി പിള്ളേര്‍ക്ക് നാലു പരിപ്പു  വടയും പൊതിഞ്ഞു വാങ്ങി സൃഷ്ടികാലം മുതലിങ്ങോട്ടുള്ള  സകല ആപ്പീസര്‍മാരെയും    മനസ്സില്‍ തെറിയും വിളിച്ച് രാത്രി എട്ടാം മണിക്ക് വീട്ടിലേക്കു   നടക്കുന്ന

  P  C   316   ആകുന്നു ഞാന്‍..പേരുപറയാതെ നമ്പരു പറഞ്ഞത് പേരില്‍ ഒരു ചുക്കും ഇല്ലെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്.

             വീട്ടിലേക്കു     നടക്കുമ്പോള്‍ ചിന്ത മുഴുവനും പുതിയ സര്‍ക്കിളിനെ  കുറിച്ചായിരുന്നു   .    ആരുകണ്ടാലും 'എന്തിനാ ഈശ്വരാ ഇതിനെയൊക്കെ  പടച്ചുവിടുന്നത്?  ' എന്നു ചോദിച്ചുപോകുന്ന രൂപഗുണം .അദ്ദേഹത്തിനറിയാത്ത കാര്യങ്ങള്‍ ആകാശത്തിനു  താഴെ വല്ലതുമുണ്ടോ  എന്നു സംശയമാണ്‌.എവിടെയും കയറി അഭിപ്രായം പറയും .പറയുന്നതാകട്ടെ ശുദ്ധ മണ്ടത്തരം  ആയിരിക്കുകയും ചെയ്യും എന്നു കരുതി കോണ്‍സ്റ്റബിള്‍ ആയ ഞാന്‍ ചിരിക്കാമോ ? ചിരിച്ചാല്‍ പണി പക്കത്തിരിക്കും.അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഞാനും റാന്‍ മൂളിയായി തുടരുന്നു .സുരേഷ് ഗോപിയുടെ സിനിമ കണ്ടിട്ട് പോലീസ്  പണിക്കിറങ്ങിയാല്‍ തെണ്ടിയത്  തന്നെ.ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്നത് പോട്ടെ ,സര്‍ക്കിളിന്‍റെ കൊച്ചിനെ  പള്ളിക്കൂടത്തില്‍ കൊണ്ടുവിടലല്ല എന്‍റെ ജോലിയെന്ന് പറഞ്ഞതു കാരണം കോണ്‍സ്റ്റബിള്‍ രാജേഷിപ്പോള്‍ അട്ടപ്പാടിയിലെങ്ങാണ്ട് ചിതലരിക്കുകയാണ് .



"ബഫൌ  ഔ ഔ ഔ ......."                                                                

തൊട്ടടുത്തു നിന്നൊരു നിലവിളി .ഒരു തെണ്ടിപ്പട്ടിയാണ് .അവന്റെ  ടെറിട്ടറിയില്‍ കയറിയതിനായിരിക്കണം.

"ഫോ നായിന്‍റെ മോനേ...."   ഉറക്കെ പറഞ്ഞിട്ട് കാലു നീട്ടിവെച്ച്  നടക്കാന്‍ തുടങ്ങി.



വീടിലെ ലൈറ്റ്  റോഡില്‍ വെച്ചേ കാണാം .തിണ്ണയ്ക്കു വെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകി.മക്കള്‍ മുറിയില്‍ നിന്നിറങ്ങി ഓടിവന്നു .കാലനെക്കണ്ട പട്ടിയുടെ സ്വരവിശേഷത്തില്‍ രണ്ടും ചിണുങ്ങാന്‍ തുടങ്ങി .പകലെങ്ങാണ്ട് തള്ള തല്ലിയെന്നൊക്കെയാണ് പരാതി .അത് പരിപ്പു വടയിലൊതുക്കിയിട്ടു മുറിയിലേക്ക്  കയറി .

   അടുക്കളയില്‍ എന്തോ തട്ടിമറിയുന്ന ഒച്ച കേട്ടു.ഭാര്യയാണ്.ഞാന്‍വന്നതറിയാഞ്ഞല്ല.ഇവള്‍ക്കെന്താണൊരു കാപ്പി  കൊണ്ടുവന്നു തന്നാല്‍? അല്‍പനേരം അടുത്തു വന്നിരുന്നാല്‍ ? പറഞ്ഞാല്‍ ചെയ്യും. അത് വേണ്ട .ങ്ങാഹാ... .വിദ്യാഭ്യാസമുള്ള പെണ്ണിനെ കിട്ടിയത് നന്നായെന്നു പറഞ്ഞവനെയെങ്ങാനും ഒന്നു കണ്ടിരുന്നെങ്കില്‍ ഒരുമ്മ കൊടുക്കാമായിരുന്നു.

.                ഒന്നും മിണ്ടാതെ കുളിച്ചു ഫ്രെഷായി കസേരയില്‍ വന്നിരുന്നു .ടി  വി  ഓണാക്കി .ആദ്യം ചെന്ന് ചാടിയത്‌ ന്യൂസ്‌ ചാനലിലാണ് അതില്‍ ഏതോ രാഷ്ട്രീയ ചര്‍ച്ചയാണ് .ചീഫ് സെക്രെട്ടറിക്ക്  അക്ഷരമറിയില്ലെന്നൊക്കെയാണ്  ഒരുത്തന്‍ തട്ടിവിടുന്നത് !!! ഞാനീയിടെയായി  ഇത്തരം ചര്‍ച്ചകള്‍ കാണാറില്ല    കാരണം ഇതു കൊണ്ട് ഒരു പ്രയോജനവുമില്ല .   ചര്‍ച്ച തുടങ്ങുമ്പോള്‍ ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ തന്നെയാവും ഒരു മണിക്കൂര്‍ കഴിഞ്ഞും അവര്‍ പറയുക.ഞാന്‍  പിടിച്ച  മുയലിനു മൂന്ന് കൊമ്പെന്ന മട്ടില്‍.ചാനലൊന്നു മാറ്റിപ്പിടിച്ചു .ഏതോ സഹപ്രവര്‍ത്തകന്‍ പ്രതിയെ തല്ലിയതാണ് അവിടത്തെ ചര്‍ച്ചാ വിഷയം.വീട്ടില്‍ പാലു കൊണ്ടുവന്നിരുന്ന  ഒരു പാവം പെങ്കൊച്ചിനെ പീഡിപ്പിച്ചിട്ടു  നാടു വിട്ട  പരമ യോഗ്യനാണീ പ്രതി .അവനെയൊന്നു തല്ലിപ്പോയതാണ് കുറ്റം തല്ലാതെ പിന്നെ ഉമ്മ കൊടുത്താലാണോ  ഇവനൊക്കെ സത്യം പറയുന്നത്  .അല്ല പിന്നെ ...


                 ഭാര്യ കാപ്പിയുമായി  അവതരിച്ചു. ഞാനത് കുടിച്ചു തീരുന്നതുവരെ അവിടെ നില്‍ക്കുകയും ചെയ്തു .തൊണ്ടിമുതലിനു കാവല്‍ നില്‍ക്കുന്ന ജാഗ്രതയാണ് .എന്താണാവോ ഒന്നും പറയാത്തത് ? ഇന്നലെ പറഞ്ഞത്  നാത്തൂനുമായുണ്ടായ വഴക്കും തന്തക്കുവിളിയുമായിരുന്നു .അവളുടെ നാത്തൂന്‍റെ തന്ത  എന്‍റെയും തന്തയാണെന്നും അതുകൊണ്ട് അവള്‍ വിളിച്ചത് എന്‍റെ തന്തക്കാണെന്നും പറഞ്ഞാല്‍ കണക്കായിപ്പോയെന്നാവും മറുപടി. 

ഇടതു വശത്തെ മുറിയില്‍ പടക്കം പൊട്ടുന്നത് പോലൊരു  ശബ്ദം.3 ല്‍ പഠിക്കുന്ന പുത്രന്‍ 6 ല്‍ പഠിക്കുന്ന ചേച്ചിയുടെ പുറത്തിട്ടു വീക്കിയതാകും.അവള്‍ മോങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു.ചോദിയ്ക്കാന്‍ പോയാല്‍ അവനും കൂടി മോങ്ങലില്‍ പങ്കു ചേരുമെന്നല്ലാതെ വേറെ വിശേഷമൊന്നുമില്ല.
            ഭാര്യ വീണ്ടും വന്നിരിക്കുന്നു.മുഖം കണ്ടാല്‍ എന്നെ ഇപ്പോ പിടിച്ചു വിഴുങ്ങുമെന്നു തോന്നും .വാ തുറന്നാല്‍ അപകടമാണ് .ഞാന്‍ മിണ്ടാതെ  ടി വി യില്‍ നോക്കിയിരുന്നു .എനിക്കെതിരെ കിടന്ന കസേരയിലിരുന്നിട്ടവള്‍ ടി വി ഓഫ്‌ ചെയ്തു .എന്നിട്ടു കോടതിമുറിയിലെ വക്കീലിനെ പ്പോലെ  എന്നോടൊരു ചോദ്യം ...

"എന്‍റെ മാല പണയത്തില്‍ നിന്നെടുത്തു തരുന്നോ ഇല്ലിയോ ? എനിക്കിപ്പോഴറിയണം .."

അണ്ടെര്‍ വെയര്‍ വരെ പണയം വച്ചേക്കാവുന്നതാണ്‌  ഇപ്പോഴത്തെ എന്‍റെ സാമ്പത്തിക സ്ഥിതി .അപ്പോഴാണവളുടെയൊരു    മാല...   മനസിലോര്‍ത്തതല്ലാതെ  ഞാനൊന്നും മിണ്ടിയില്ല .

അവള്‍ തുടര്‍ന്നു..

"എന്‍റെ അച്ചനു വിവരമില്ലെന്നു നിങ്ങള്‍  വിളിച്ചുകൂവിയല്ലോ ?അത് ഞാന്‍ സഹിച്ചോളാം.ഞാനെങ്ങുന്നും വലിഞ്ഞു കയറി വന്നതല്ല . എന്റച്ചന്‍ കുഴിവേലി  കുഞ്ഞിരാമന്‍ നായര്‍ 100000   രൂപയും  50 പവനും രൊക്കം തന്നാ എന്നെയിങ്ങോട്ടു വിട്ടത് .എന്‍റെ ആറു പവന്റെ  മാല  എനിക്കിപ്പോ കിട്ടണം .കിട്ടണമെന്ന് പറഞ്ഞാല്‍ കിട്ടണം .അത്രതന്നെ ...."
      ഞാന്‍ എന്തോ കളഞ്ഞു  പോയ അണ്ണാനേപ്പോലെയിരിക്കുകയാണ് .ഇപ്പോഴാണെനിക്ക് സംഗതി കത്തിയത്.മാല ഒരു കാരണം മാത്രമാണ് .അവളുടെ അച്ചനു വിവരമില്ലെന്നു ഞാന്‍ പറഞ്ഞതാണ്‌ യഥാര്‍ത്ഥ  പ്രശ്നം.നട്ടപ്പാതിരയ്ക്ക്  പട്ടയുമടിച്ചു പോലിസ്  സ്റ്റേഷനില്‍ കയറിച്ചെന്ന് S I  യുടെ തന്തക്കുവിളിച്ചവനാണയാള്‍. ടിയാന്റെ   മുന്‍വരിയിലെ മൂന്നു പല്ലുകള്‍ നഷ്ടപ്പെട്ടതും ആറുമാസം ആശുപത്രിയില്‍ കിടന്നതും ആ വകയിലാണ്. .അയാളെ   ഞാന്‍  വിവരദോഷിയെന്നല്ലാതെ  പിന്നെന്താണ്   വിളിക്കേണ്ടത് അവള്‍ ചവുട്ടിത്തുള്ളി അകത്തേക്ക് പോയി .അടുക്കളയില്‍ ഒരനക്കവുമില്ല .എല്ലാം ശാന്തം.

പൊടുന്നനെയാണൊരാക്രോശം....

"പോടീ പട്ടി തെണ്ടി നാറി പന്നീ ..."പുത്രന്‍ സഹോദരിയെ വിളിച്ചതാണ് .

വിശക്കുന്നുണ്ട്.ചോറെടുത്ത് വെയ്ക്കാന്‍ പറഞ്ഞിട്ട് അവള്‍ അനുസരിച്ചില്ലെങ്കില്‍ കുറച്ചിലാകും.ഞാന്‍ പതിയെ അടുക്കളയിലേക്ക്  നടന്നു .പൂച്ചയെ നാണിപ്പിക്കുന്ന തരത്തിലാണ് 'ഗൃഹനാഥനായ' എന്റെ നടപ്പ്. അടുപ്പിന്‍റെ മുകളിലിരുന്ന പാത്രം ഞാനൊന്നു തുറന്നു നോക്കി.അതില്‍ കുറച്ചു ചോറുണ്ടായിരുന്നു.കറി എന്നൊക്കെ പറയപ്പെടുന്ന എന്തെങ്കിലും കിട്ടുമോ എന്നറിയാനായി ഞാന്‍ നാലുപാടും പരതി.പെട്ടെന്നാണ്‌ കറന്റ്‌ പോയത്.സര്‍വത്ര ഇരുട്ട്.മെഴുകുതിരി നോക്കാനായി തപ്പിത്തടഞ്ഞു തിരിഞ്ഞതു മാത്രം ഓര്‍മയുണ്ട്.ആകാശമിടിഞ്ഞു തലയില്‍ വീണമാതിരി ഒരടിയും "കള്ളനെ പിടിച്ചേ" എന്ന ഭാര്യയുടെ ആക്രോശവുമാണ് പിന്നെ നടന്നത്.തലയില്‍ 12 സ്റ്റിച്ചുമിട്ട് ഗവണ്മെന്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ പഴയ സിനിമാ ഡയലോഗ് ആയിരുന്നു.ഗോവിന്ദന്‍ കുട്ടി സാറിന്‍റെ ടൈം,നല്ല ബെസ്റ്റ് ടൈം...............


വാല്‍ക്കഷ്ണം: കാണാന്‍ വന്ന സഹതാപത്തെണ്ടികള്‍ തന്ന ആപ്പിളും കടിച്ചു കിടക്കുമ്പോള്‍ ഒരുസംശയം......ഭാര്യ ശരിക്കും ആളറിയാതെ അബദ്ധത്തില്‍ അടിച്ചതാണോ അതോ.....?