Saturday 9 June 2012


ഓര്‍മത്താളുകള്‍ -പോളിടെക്നിക്






                      ജീവിതത്തിന്‍റെ ഒരു ബിന്ദുവില്‍  എത്തിയിരിക്കുന്നു .ഇതാകുമോ ജീവിതത്തിലെ  turning  point  എന്നറിയില്ല...ഡിപ്ലോമയും നേടി  N S S  polytechnic ഇന്‍റെ പടിയിറങ്ങുമ്പോള്‍ ഇതിനു മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദന ഉള്ളില്‍ നിറയുന്നു .ഞാനൊരുപാട്  വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുണ്ട് .അവയൊക്കെ വിട്ടിറങ്ങിയപ്പോഴും തോന്നാത്ത വിങ്ങലാണ് പോളി വിട്ടിറങ്ങിയപ്പോള്‍ തോന്നിയത് . സുഖമുള്ള നൊമ്പരം എന്നൊക്കെപ്പറയുന്നത്‌ ചിലപ്പോള്‍ ഇതാവാം .

 

          ചങ്ങമ്പുഴയുടെ  വരിപോലെ ("മദന മല്‍പ്രാണ സ്നേഹിതാ സൗഹൃദം മഹിയിലെന്തെന്നു കാണിച്ച മത്സഖ ..), യഥാര്‍ത്ഥ സൗഹൃദം എന്തെന്ന് കാട്ടിയ സുഹൃത്തുക്കള്‍, ഔപചാരികതയുടെ  മുഖം മൂടികളില്ലാത്ത തുറന്ന പുസ്തകങ്ങള്‍....

  "വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം
വിശ്വപ്രിയമായ് നടനം ചെയ് വത് വിധേയനെന്‍ കൃത്യം ."

     ജീവിതമാകുന്ന  മഹാ നാടകത്തിലെ എന്‍റെ വേഷം കെട്ടിയാടാന്‍ അരങ്ങിലെത്തിയ എനിക്ക് ഞാനുള്‍പ്പെടുന്ന എന്‍റെ വൃത്തം പൂര്‍ണതയിലെത്തിക്കാന്‍ കൂടെയാടിയവര്‍...കളിച്ചും ചിരിച്ചും പൊങ്ങച്ചം പറഞ്ഞും ചിലവഴിച്ച നിമിഷങ്ങള്‍ .ചുറ്റുപാടിനെയും കൂടെയുള്ളവരെയും അവനവനെത്തന്നെയും   മറ്റൊരാളായി മാറിനിന്നു വീക്ഷിച്ചു ചിരിക്കാന്‍ കഴിഞ്ഞ നല്ല നാളുകള്‍.


                മറക്കാനാകാത്ത നൂറു നൂറ് അനുഭവങ്ങള്‍ .ഏതൊരു E &C  വിദ്യാര്‍ത്ഥിയെയും പോലെ സജിത്ത്  സാറിന്‍റെ കിരാത വേഷം ഉപബോധ പ്രജ്ഞയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച  FIRST YEAR  നാളുകള്‍ .ആണ്ട ബാധ കൊണ്ടേ പോകൂ ,വരാനുള്ളത്  വഴിയില്‍ തങ്ങില്ല , മുതലായ പഴഞ്ചൊല്ലുകളില്‍ വിശ്വസിച്ചു ജീവിച്ച ദിനങ്ങളായിരുന്നു അത്.അടുത്തത് സജിത്ത് സാര്‍ ആണെന്ന് കേള്‍ക്കുമ്പോഴേ കുട്ടികള്‍ ജഗരൂകരാകുന്ന അവസ്ഥ.ഒരാപത്തു നേരിടാന്‍ തയാര്‍ ആയിട്ടാണ് എല്ലാവരും ഇരിക്കുക .നീര്‍കോലി മുതല്‍ വെള്ളിക്കെട്ടന്മാര്‍ വരെയുള്ള സമസ്ത പാമ്പുകളും മകുടിയൂത്ത് കേള്‍ക്കുമ്പോള്‍ എപ്രകാരമാണോ മര്യാദ രാമന്മാരകുന്നത് അപ്രകാരം ഇവയെയൊക്കെ പ്രതിനിധീകരിക്കുന്ന ക്ലാസ്സിലെ സമസ്ത  വിദ്യാര്‍ത്ഥികളും സജിത്ത് സാറെന്നു കേട്ടാല്‍ അടങ്ങിയിരിക്കുന്ന കാലം .ബേസിക് ഇലക്ട്രോണിക്സ്  ആണ് സാറ് പഠിപ്പിക്കുന്നത്‌ .സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകും .
സംശയങ്ങള്‍ ചോദിച്ചുകൊള്ളാന്‍ അനുമതിയും സമയവുമുണ്ട്.പക്ഷെ ആരെടാ വീരാ പോരിനു വാടാ എന്ന മട്ടില്‍ നില്‍ക്കുന്നയളോട്  എങ്ങനെ ചോദിക്കും? പിന്നെയുള്ള  ഒരേയൊരു വഴി അടുത്ത ടോപിക്കു കൂടി കേട്ട് അതില്‍ നിന്നും ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ്..അത് ചെയ്തു പോന്നു .ഫസ്റ്റ് ഇയര്‍ ലെ  ഈ സമീപനത്തിന്‍റെ ആവശ്യവും അതിന്‍റെ ഗുണവും അദ്ദേഹത്തിന്‍റെ ആത്മാര്‍ഥതയും പിന്നീടാണ്‌ മനസിലായത്.തുടര്‍ന്നുള്ള സെമ്മുകളില്‍   communication  topic കളാണ്  സാര്‍ എടുത്തത്‌ .ഏറെ താല്പര്യത്തോടെയും കൌതുകത്തോടെയും ഞാനത് കേട്ടിരുന്നിട്ടുണ്ട്. സംശയങ്ങള്‍ ചോദിച്ചാല്‍ ഏറ്റവും കൃത്യമായി സംശയനിവൃത്തി  വരുത്തിയിരുന്നു സാര്‍. കാണാതെ പഠിച്ചാല്‍ മറന്നു പോകുന്ന പല ഭാഗങ്ങളും മനസിലാക്കി പഠിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട് .


                           റാപ്പാപോര്‍ട്ട്‌ എന്നൊരു വിദ്വാനെഴുതിയ  ഒരു പുസ്തകമുണ്ട് .എഴുതിയവനു തന്നെ അത് മുഴുവന്‍ മനസിലായിട്ടുണ്ടോ എന്ന് സംശയമാണ്. അത് വെച്ചാണ്‌ സാറിന്‍റെ പ്രയോഗം .അത് കൊണ്ട് എവിടെയെങ്കിലും നമ്മള്‍ ശ്രദ്ധിക്കാതിരുന്നാല്‍ ഫലം ഗോവിന്ദയാണ്. മറ്റൊരു കാര്യം സാറിന്‍റെ കളിയാക്കലുകളാണ് .എത്ര പേരിരിക്കുന്ന ഇടത്തും സാര്‍ ലക്‌ഷ്യം വെച്ചവനില്‍ തന്നെ അത് കൊളളും.അവനു കാര്യം മനസിലാകുകയും ചെയ്യും. സാറിന്‍റെ കളിയാക്കലുകള്‍ ഞാന്‍ വളരെ ആസ്വദിച്ചിരുന്നു .ഞാന്‍ മാത്രമല്ല,പലരും .സാര്‍ പിണങ്ങിയിറങ്ങിപ്പോയ അവസരങ്ങള്‍ ഉണ്ടാക്കിയ മാനസിക അസ്വസ്ഥത  വലുതായിരുന്നു ... 

             സഹജമായ നര്‍മ ബോധവും ഉള്‍ക്കാഴ്ചയും സംസാരത്തിലുടനീളം ഉണ്ടാവും .ഒരുപക്ഷെ ഇതൊക്കെതന്നെയാവാം എനിക്ക് അദ്ദേഹം ഏറ്റവും പ്രിയങ്കരനാകാനുള്ള കാരണവും  .പിന്നീടിങ്ങോട്ട്‌ ഞാന്‍ ഒരു കാരണവശാലും നഷ്ടപ്പെടരുതന്നാഗ്രഹിച്ചിരുന്ന ക്ലാസ്സുകളും അദേഹത്തിന്‍റെ യായിരുന്നു .എന്‍റെ മനസിലെ പന്തളം പോളിയുടെ  ഓര്‍മചിത്രത്തില്‍  മിഴിവേറിയ ഒരു എണ്ണച്ചായാ  ചിത്രമായി സാറെന്നുമുണ്ടാകും.provisional  സര്‍ട്ടിഫിക്കറ്റ്  വാങ്ങാന്‍ ചെന്നിട്ടു തിരിച്ചിറങ്ങുമ്പോള്‍ "ഞങ്ങളും ക്ലാസ്സിലിരുന്നോട്ടെ എന്നു സാറിനോട്  ചോദിച്ചാലോ" എന്ന്  SHINCE  എന്നോടു ചോദിച്ചു .അപ്പോഴെന്തോ തമാശ പറഞ്ഞൊഴിഞെങ്കിലും  ഞാനുമതാഗ്രഹിച്ചിരുന്നു എന്നതാണ് സത്യം .................

 

                                                                                                                               (തുടരും.......)

4 comments: